തണല്‍ ബ്ലോഗിലേക്ക് സ്വാഗതം. ഇവിടെ വരുന്നവര്‍ ആദ്യം ഒരു ലൈക്‌ ചൈയ്യാന്‍ മറക്കല്ലേ .

2012 ഫെബ്രുവരി 5, ഞായറാഴ്‌ച

ചില റിപ്പബ്ലിക് ദിന ചിന്തകള്‍.................



ഇത്തവണ റിപബ്ളിക്ദിനം ഒരു പതിഞ്ഞ താളത്തിലാണു കടന്നുപോയത്. രാജ്പഥിലെ പരേഡും നാടന്‍ കലാപരിപാടികളും ഫ്ളോട്ടുകളും വിദേശ അതിഥികളുടെ വരവുമൊക്കെ പതിവുപോലെ ഉണ്ടായിരുന്നു. ഔദ്യോഗിക മേളക്കൊഴുപ്പുകള്‍ക്ക് ഒന്നിനും ഒരു കുറവുമുണ്ടായില്ല. അതീവസുരക്ഷയും ഭീകരവാദപ്പേടിയും പോലിസ് ബന്തവസ്സുമൊക്കെ പതിവുപോലെ തന്നെ. രാജ്പഥിലേക്കോ സമീപപ്രദേശത്തേക്കോ പ്രവേശിക്കണമെങ്കില്‍ സാധാരണമനുഷ്യര്‍ക്കു കാര്യങ്ങള്‍ ഒട്ടും എളുപ്പമല്ല. അതിനാല്‍ സമീപകാലത്തായി പൌരജനങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കഴിയുന്നതും അകലംപാലിച്ചു നിലകൊള്ളുകയാണു പതിവ്. രാജ്യം ഭരിക്കുന്ന മഹാന്മാരും മഹതികളും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉന്നതോദ്യോഗസ്ഥരും സ്ഥാനപതിമാരും അവരുടെ വിദേശ അതിഥികളും... അവരങ്ങനെ റിപബ്ളിക്കിന്റെ വരവ് ആഘോഷിക്കുമ്പോള്‍ പാവം ആം ആദ്മിയെ ആട്ടിയകറ്റാന്‍ വടിയും തോക്കുമായി ടണ്‍കണക്കിനു പോലിസുകാരാണു ഹാജരാവുന്നത്. വെറുതെ തടി കേടാക്കേണ്ട കാര്യം ജനത്തിനില്ലാത്തതുകൊണ്ട് ആം ആദ്മി സ്വന്തം മാളങ്ങളില്‍ തലപൂഴ്ത്തി കഴിഞ്ഞുകൂടുന്നു. അല്ലെങ്കിലും കൊടുംതണുപ്പും മഞ്ഞുമാണ്. അപ്പോള്‍ വെറുതെ പാഞ്ഞുപോയി ആട്ടുകേള്‍ക്കേണ്ട കാര്യമില്ലല്ലോ. പണ്ടാരോ പറഞ്ഞില്ലേ- പൂച്ചയ്ക്കെന്തു കാര്യം പൊന്നുരുക്കുന്നിടത്ത്? അതുതന്നെ സംഗതി. ഇപ്പോള്‍ കാര്യം പൂച്ചയ്ക്കും പിടികിട്ടി. അതുകൊണ്ടു പഴയമാതിരി വലിയ അമിതാവേശമൊന്നും പൂച്ചയുടെ ഭാഗത്തുനിന്നു കാണാനില്ല. അതൊരു വശം. രാജ്യം റിപബ്ളിക്കായിട്ടു കൊല്ലം 63 തികയുന്നു. നാട്ടുകാര്‍ക്ക് അതിന്റെ വല്ല ഗുണവുമുണ്േടാ എന്നു ചോദിച്ചാല്‍, എന്താ പറയുക, വല്ലവിധേനയും കഴിഞ്ഞുകൂടുന്നു എന്നുമാത്രം. മന്‍മോഹന്‍ജി പത്തിരുപതു കൊല്ലം മുമ്പ് പറഞ്ഞത്, 15 കൊല്ലം കഴിയട്ടെ, രാജ്യത്തു തേനും പാലും ഒഴുകുമെന്നാണ്. അത് 1991ലായിരുന്നു. പഴയ നെഹ്റൂവിയന്‍ സോഷ്യലിസവും ലൈസന്‍സ്-പെര്‍മിറ്റ് ഭരണവുമാണ് രാജ്യപുരോഗതിക്കു തടസ്സമെന്നാണ് അന്നു പറഞ്ഞത്. അതൊക്കെ തട്ടിമാറ്റണം. വ്യവസായ-വാണിജ്യ പുരോഗതിയുടെ മുന്നിലുള്ള എല്ലാവിധ തടസ്സങ്ങളും തട്ടിനീക്കണം. ഇന്ത്യ പുലിയാവണം; ഉറക്കംവിട്ടെണീക്കണം; പുരോഗതിയിലേക്കു കുതിച്ചുപായണം. ജനം കൈയടിച്ചു. കാരണം, നെഹ്റൂവിയന്‍ സോഷ്യലിസം കൊണ്ട് അവര്‍ക്കു കാര്യമായ മെച്ചമൊന്നും ഉണ്ടായിരുന്നില്ല. കൈക്കൂലി കൊടുത്താല്‍ കാര്യം സാധിക്കാം. റേഷന്‍കടയില്‍ അരി വന്നാല്‍ കടക്കാരനും ഉദ്യോഗസ്ഥനും മറിച്ചുവിറ്റത് കിഴിച്ചു വല്ലതും ബാക്കിയുണ്െടങ്കില്‍ വാങ്ങിച്ചു കൊണ്ടുപോയി അരിവയ്ക്കാം. ബ്ളാക്ക് ബോര്‍ഡും ചോക്കുമില്ലാത്ത സ്കൂളില്‍ കുട്ടികളെ അയക്കാം. അസുഖം ബാധിച്ചാല്‍ സര്‍ക്കാരാശുപത്രിയുടെ വരാന്തയില്‍ കിടന്നു സ്വര്‍ഗാരോഹണം സാധിക്കാം; അതുതന്നെ. പണമുള്ളവര്‍ കാശൊക്കെ സ്വിസ് ബാങ്കില്‍ കൊണ്ടുപോയി നിക്ഷേപിച്ചു. നാട്ടില്‍ വ്യവസായം തുടങ്ങാന്‍ കടമ്പകള്‍ നിരവധി കടക്കണം. എളുപ്പം, വിദേശത്തു പൂട്ടിവയ്ക്കുകയാണ്. വന്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമാണ് ഇങ്ങനെ ധാരാളം വഹ വിദേശത്തു കടത്തിയത്. അവര്‍ മക്കളെ ലണ്ടനിലും ന്യൂയോര്‍ക്കിലും പഠിപ്പിച്ചു. ഹാവഡിലും ഓക്സ്ഫഡിലും ഡിഗ്രിയെടുത്ത് ഈ മഹാന്‍മാര്‍ നാട്ടില്‍ തിരിച്ചുവന്ന് ഇവിടെ ഭരണം കൈയിലെടുത്തു. തലമുറതലമുറയായി രാജ്യം ഭരിക്കുന്നത് ഈ കൂട്ടരാണ്. പാര്‍ലമെന്റില്‍ അധികപങ്കും ഇത്തരം വേഷങ്ങളാണ്. അപ്പോള്‍ നാട്ടുകാര്‍ നെഹ്റൂസോഷ്യലിസത്തിനു സിന്ദാബാദ് വിളിച്ചിട്ട് എന്തു കാര്യം? മാറ്റുവിന്‍ ചട്ടങ്ങളെ എന്നു പറഞ്ഞാണ് മന്‍മോഹന്‍ജി വന്നത്. മാറ്റത്തിന്റെ കാഹളം, കാലത്തിന്റെ സന്ദേശം തുടങ്ങിയ ഘടാഘടിയന്‍ പ്രയോഗങ്ങളായിരുന്നു അങ്ങേരുടെ കൈമുതല്‍. അഴിമതി സ്വന്തംനിലയില്‍ തീണ്ടിയിട്ടുപോലുമില്ല എന്ന ഗുണവുമുണ്ട്. ആരുടെയും മുന്നില്‍ കാര്യസാധ്യത്തിനായി ഓച്ഛാനിച്ചുനിന്നിട്ടുമില്ല. അങ്ങേര് വന്നപ്പോള്‍ ജനം കരുതി, കുടുംബവാഴ്ചയുടെ കാലം കഴിഞ്ഞു; ഇനി രാജ്യഭരണം നേരെയാവും. ധനമന്ത്രിയും പ്രധാനമന്ത്രിയുമായി മന്‍മോഹന്‍ജി ഭരിക്കാന്‍ തുടങ്ങിയിട്ടു കാലം കുറേയായി. പലവിധ വാഗ്ദാനങ്ങളും നല്‍കി. ഇപ്പോള്‍ രണ്ടാംതവണ പ്രധാനമന്ത്രിയായി പരിലസിക്കുമ്പോള്‍ നാട്ടുകാര്‍ ചോദിക്കുന്നത്, ഇങ്ങേരുടെ ഭരണനേട്ടം എന്താണെന്നാണ്. നാട്ടില്‍ പാവപ്പെട്ടവരുടെ എണ്ണം കൂടി. പണക്കാരുടെയും എണ്ണം കൂടി. രണ്ടുകൂട്ടരും തമ്മിലുള്ള അകലം വീണ്ടും വര്‍ധിച്ചു. രാജ്യത്തിന്റെ പോക്കു കണ്ടാല്‍ ആം ആദ്മിയെ അധികം വൈകാതെ വല്ല അറബിക്കടലിലും കൊണ്ടുതള്ളുമെന്നു തോന്നിപ്പോവും. കാശുള്ളവനു മാത്രമേ രാജ്യത്ത് ഇന്നു മേല്‍ഗതിയുള്ളൂ. അല്ലാത്തവന് കിട്ടുന്ന റേഷനരിപോലും നഷ്ടമാവുന്ന അവസ്ഥയാണ്. എന്തുപറ്റിയെന്ന് മന്‍മോഹന്‍ജിക്കും അറിയില്ല. എവിടെയോ പിഴച്ചു; എങ്ങനെ തിരുത്തണമെന്ന് അറിയില്ല. ഇനി തിരുത്തിയിട്ടും വിശേഷമില്ല. ജനം അടുത്ത തിരഞ്ഞെടുപ്പു വരുന്നതും കാത്തിരിക്കുകയാണ്. അതുകൊണ്ടും വിശേഷിച്ചു ഗുണമൊന്നുമില്ല. പിടിച്ചതിലും വിഷമുള്ളതാണ് മാളത്തില്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ